Friday 4 November 2011

വിധി

അസ്തമയ സൂര്യന്റെ വര്‍ണ്ണരാജിയില്‍ അവളുടെ കണ്ണുകള്‍ക്ക് മുന്‍പൊരിക്കലും ഇല്ലാത്ത ഒരു ചൈതന്യം അനുഭവപ്പെടുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. തനിക്ക് ആകെയുല്ലള്ളൊരാശ്വാസം അവള്‍ മാത്രമായിരുന്നു. തന്റെ ജീവിതത്തിനു ഒരു അര്‍ത്ഥമുണ്ടായത് അവളുടെ നിര്‍ലോഭമായ സ്നേഹം കൊണ്ട് മാത്രമാണെന്ന് അയാള്‍ക്കറിയാം.
ഒന്നും ആലോചിക്കാതെ അവള്‍ തന്നോട് ഇഷ്ടമാണെന്ന് പറയുമ്പോള്‍ വിപരീത ധ്രുവങ്ങളിലുള്ളവരെന്ന തോന്നല്‍ തനിക്ക് അന്നേ ഉണ്ടായിരുന്നു. ഒരുപാട് തവണ താന്‍ വിലക്കിയിരുന്നെങ്കിലും   അവള്‍ തന്നിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കയാണെന്ന സത്യം താന്‍ മനസ്സിലാക്കിയില്ല.
ആരുമില്ലാത്ത തന്നെ എന്തിനിവള്‍ ഇത്ര സ്നേഹിക്കുന്നു. തന്റെ സാമ്പത്തികവും ഗാര്‍ഹികവുമായ ചുറ്റുപാടുകള്‍ പറഞ്ഞു ഒരുപാട് തവണ തന്നില്‍ നിന്നും അകറ്റുവാന്‍ താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
"ഇല്ല സജീ എന്ത് പറഞ്ഞാലും എനിക്ക് സജിയെ വിട്ടുപോകാന്‍ പറ്റില്ല. നമ്മളില്‍ ഒരാളുടെ മരണത്തിനു മാത്രമാണ് നമ്മെ പിരിക്കുവാന്‍ സാധിക്കുകയുള്ളൂ."........ എന്ന വാക്കുകള്‍ തന്റെ ഹൃദയത്തില്‍ പെരുമ്പറ ധ്വനി മുഴക്കിയിരുന്നു.
സത്യത്തില്‍ താന്‍ ഒരുപാടു അഹങ്കരിച്ചിരുന്നു, സൗന്ദര്യവും സമ്പത്തും ദൈവം ഒരുപോലെ കനിഞ്ഞു നല്‍കിയ അവള്‍ തന്റെതാണെന്ന് ഓര്‍ക്കുമ്പോള്‍.....
പക്ഷെ ഇന്ന് ....!!!
ഒരുപാട് ഒരുപാട് പ്രതീക്ഷകള്‍ നല്‍കി താനെ മോഹിപ്പിച്ച അവള്‍ ഇന്ന്‍ മറ്റൊരുത്തന്റെ ഭാര്യാ പദവി അലങ്കരിച്ചു കൊണ്ടിരിക്കുന്നു....
ഇല്ല എങ്കിലും തനിക്ക് അവളെ ശപിക്കുവാന്‍ ആവില്ല. അവളുടെ സന്തോഷം .... അത് അവള്‍ക്കു ലഭിക്കട്ടെ.
ഒടുവില്‍ ആ വിജനമായ പാതയില്‍ അവള്‍ അവസാനമായി പറഞ്ഞു
"അമ്മയുടെയും അച്ചന്റെയും നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടി വന്ന ഒരു ഹതഭാഗ്യയാണ് ഞാന്‍. അവരുടെ ആത്മഹത്യാ ഭീഷണിക്കു മുന്‍പില്‍ എനിക്ക് മറ്റു പോംവഴികളില്ല. അനാഥനെ സ്വീകരിക്കുവാനുള്ള മനസ്സ് അവര്‍ക്കില്ല സജീ ......."
"എല്ലാം വിധിയാണ്. സജി ഒരു വിവാഹം ചെയ്യണം"
സപ്തനാഡികളും തളര്‍ന്നുപോയ താന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

"വിധി അത് മനുഷ്യന്‍ നിശ്ചയിക്കുന്നതല്ലല്ലോ".....
എന്നും അയാളുടെ മനസ്സില്‍ ആ വാക്കുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു
"ഇല്ല സജീ എന്ത് പറഞ്ഞാലും എനിക്ക് സജിയെ വിട്ടുപോകാന്‍ പറ്റില്ല. നമ്മളില്‍ ഒരാളുടെ മരണത്തിനു മാത്രമാണ് നമ്മെ പിരിക്കുവാന്‍ സാധിക്കുകയുള്ളൂ." 
അതെ തന്റെ മനസ്സ് മരിച്ചിരിക്കുന്നു.  

1 comment:

  1. വിണ്ടും രമണന്മാർ ജനിക്കുന്നു....

    ReplyDelete