Wednesday 11 January 2012

മാപ്പിളപ്പാട്ട്

ഖല്‍ബിന്റെ കൊട്ടാരത്തില്‍
കല്‍ക്കണ്ട കനിപോലുള്ളൊരു 
മൊഞ്ചത്തിപ്പെണ്ണിന്‍ നെഞ്ചം തുടികൊട്ടുന്നേ
എഴാം ബഹറിന്‍ മൊഞ്ചും 
മഴവില്ലിന്‍ നിറവും തോല്‍ക്കും 
മാതളപ്പൂ പോലുള്ള മാന്‍ കണ്ണാളേ
                                                               (ഖല്‍ബിന്റെ ......)
കരിമിഴി കണ്ണാല്‍ മാരനെ 
കനവിലിന്നാറാടിച്ചവള്‍  
കവിതപോല്‍ തുളുമ്പുന്ന ഫാത്തിമപ്പെണ്ണ് 
മൃദുമന്ദസ്മിതത്താലെ  വരണുണ്ട് മാരന്‍ പെണ്ണേ 
മൃദുല കപോലം മെല്ലെ ചുവന്നതെന്തേ 
അത്തറ് മണക്കുന്ന മണിയറതന്നില്‍ മാരന്‍ 
മുത്തത്താല്‍  മധുരവും പകര്‍ന്നുതരും 
                                                             (ഖല്‍ബിന്റെ ......)
ചിത്തത്തില്‍ ഭയമെന്തേ 
അധരത്തില്‍ കള്ളചിരിയെന്തേ
കാരണം പറയു നീ ഫാത്തിമപ്പെണ്ണേ 
ചന്ദനപ്പൂമേനിയില്‍ പുളകങ്ങള്‍ വിരിയും രാവ് 
ഇനിയെന്നും സുബര്‍ക്കത്തില്‍ വാഴാന്‍ 
അള്ളാ തുണയേകട്ടെ......  
                                                              (ഖല്‍ബിന്റെ ......)

ഈ ചെറിയ കവിത നിങ്ങള്‍ക്കിഷ്ടപ്പെട്ടോ...?  ഇതിനു സംഗീതം പകരുകയാണെങ്കില്‍ കുറച്ചുകൂടി ഹൃദ്യമായിരിക്കില്ലേ ...? ഈ വരികള്‍ ട്യൂണിലൂടെ കേള്‍ക്കാന്‍ എനിക്കും അതിയായ ആഗ്രഹമുണ്ട്. നിങ്ങളില്‍ സംഗീത ആല്‍ബവുമായി പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ ദയവായി എന്നെ ബന്ധപ്പെടുക... 
                                                                                               ജിജു കരുണാകരന്‍, മാഹി 
                                                                                                    Mob : 9847800966

Friday 4 November 2011

വിധി

അസ്തമയ സൂര്യന്റെ വര്‍ണ്ണരാജിയില്‍ അവളുടെ കണ്ണുകള്‍ക്ക് മുന്‍പൊരിക്കലും ഇല്ലാത്ത ഒരു ചൈതന്യം അനുഭവപ്പെടുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. തനിക്ക് ആകെയുല്ലള്ളൊരാശ്വാസം അവള്‍ മാത്രമായിരുന്നു. തന്റെ ജീവിതത്തിനു ഒരു അര്‍ത്ഥമുണ്ടായത് അവളുടെ നിര്‍ലോഭമായ സ്നേഹം കൊണ്ട് മാത്രമാണെന്ന് അയാള്‍ക്കറിയാം.
ഒന്നും ആലോചിക്കാതെ അവള്‍ തന്നോട് ഇഷ്ടമാണെന്ന് പറയുമ്പോള്‍ വിപരീത ധ്രുവങ്ങളിലുള്ളവരെന്ന തോന്നല്‍ തനിക്ക് അന്നേ ഉണ്ടായിരുന്നു. ഒരുപാട് തവണ താന്‍ വിലക്കിയിരുന്നെങ്കിലും   അവള്‍ തന്നിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കയാണെന്ന സത്യം താന്‍ മനസ്സിലാക്കിയില്ല.
ആരുമില്ലാത്ത തന്നെ എന്തിനിവള്‍ ഇത്ര സ്നേഹിക്കുന്നു. തന്റെ സാമ്പത്തികവും ഗാര്‍ഹികവുമായ ചുറ്റുപാടുകള്‍ പറഞ്ഞു ഒരുപാട് തവണ തന്നില്‍ നിന്നും അകറ്റുവാന്‍ താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
"ഇല്ല സജീ എന്ത് പറഞ്ഞാലും എനിക്ക് സജിയെ വിട്ടുപോകാന്‍ പറ്റില്ല. നമ്മളില്‍ ഒരാളുടെ മരണത്തിനു മാത്രമാണ് നമ്മെ പിരിക്കുവാന്‍ സാധിക്കുകയുള്ളൂ."........ എന്ന വാക്കുകള്‍ തന്റെ ഹൃദയത്തില്‍ പെരുമ്പറ ധ്വനി മുഴക്കിയിരുന്നു.
സത്യത്തില്‍ താന്‍ ഒരുപാടു അഹങ്കരിച്ചിരുന്നു, സൗന്ദര്യവും സമ്പത്തും ദൈവം ഒരുപോലെ കനിഞ്ഞു നല്‍കിയ അവള്‍ തന്റെതാണെന്ന് ഓര്‍ക്കുമ്പോള്‍.....
പക്ഷെ ഇന്ന് ....!!!
ഒരുപാട് ഒരുപാട് പ്രതീക്ഷകള്‍ നല്‍കി താനെ മോഹിപ്പിച്ച അവള്‍ ഇന്ന്‍ മറ്റൊരുത്തന്റെ ഭാര്യാ പദവി അലങ്കരിച്ചു കൊണ്ടിരിക്കുന്നു....
ഇല്ല എങ്കിലും തനിക്ക് അവളെ ശപിക്കുവാന്‍ ആവില്ല. അവളുടെ സന്തോഷം .... അത് അവള്‍ക്കു ലഭിക്കട്ടെ.
ഒടുവില്‍ ആ വിജനമായ പാതയില്‍ അവള്‍ അവസാനമായി പറഞ്ഞു
"അമ്മയുടെയും അച്ചന്റെയും നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടി വന്ന ഒരു ഹതഭാഗ്യയാണ് ഞാന്‍. അവരുടെ ആത്മഹത്യാ ഭീഷണിക്കു മുന്‍പില്‍ എനിക്ക് മറ്റു പോംവഴികളില്ല. അനാഥനെ സ്വീകരിക്കുവാനുള്ള മനസ്സ് അവര്‍ക്കില്ല സജീ ......."
"എല്ലാം വിധിയാണ്. സജി ഒരു വിവാഹം ചെയ്യണം"
സപ്തനാഡികളും തളര്‍ന്നുപോയ താന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

"വിധി അത് മനുഷ്യന്‍ നിശ്ചയിക്കുന്നതല്ലല്ലോ".....
എന്നും അയാളുടെ മനസ്സില്‍ ആ വാക്കുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു
"ഇല്ല സജീ എന്ത് പറഞ്ഞാലും എനിക്ക് സജിയെ വിട്ടുപോകാന്‍ പറ്റില്ല. നമ്മളില്‍ ഒരാളുടെ മരണത്തിനു മാത്രമാണ് നമ്മെ പിരിക്കുവാന്‍ സാധിക്കുകയുള്ളൂ." 
അതെ തന്റെ മനസ്സ് മരിച്ചിരിക്കുന്നു.  

Friday 29 July 2011

എന്‍ പ്രണയിനി.....

ചന്ദ്ര ബിംബം ഒളിപകരും നിന്‍
ചന്ദനപ്പൂമേനിയിതില്‍
ചാമരം വീശും രജനിയെന്‍  
കണ്മണിയെ തഴുകുകയോ നീ
ആത്മാവിലൂറുന്ന ആദ്യാനുരാഗത്തിന്‍
ആര്‍ദ്രമാം സംഗീതം കേള്‍പ്പൂ ഞാന്‍
നിന്‍ മിഴിയിലെ അശ്രുബിന്ദുക്കളെന്‍
നെഞ്ചിതില്‍
വീണലിയുമ്പോള്‍
നിന്‍ മുഗ്ധ സ്നേഹമെന്‍ കരളില്‍
നിറഞ്ഞ വാത്സല്യവും പ്രേമവും കാമവും
ഒന്നായ് മിന്നിമറയുന്നു തോഴീ
ഒരിക്കലും വറ്റാത്ത നിന്‍ സ്നേഹക്കടലില്‍
ഒരു മയില്‍‌പീലി പോല്‍ ഞാന്‍ നീന്തിതുടിക്കവേ
തേന്‍ തുളുമ്പും നിന്‍ മൃദു സ്വരവും സദാ
പുഞ്ചിരി തൂകും നിന്‍ വദനവും
മുല്ലപ്പൂമൊട്ട് പോലു
ള്ളോരീ ദന്തനിരകളും 
ഈപ്പി
ക്കവും പിന്നെയുള്ളോരിക്കവും     
എന്നും മായാ
ത്തൊരേടായ് എന്നില്‍
മഴയുടെ നേര്‍ത്തൊരു ആരവമി
കുമ്പോളെന്‍
പ്രണയിനി കരയുന്നതോര്‍പ്പൂ ഞാന്‍
അനുരാഗിണീ നിന്‍ മിഴിയിതളില്‍ 

കണ്ണുനീര്‍ തുള്ളിളോ പ്രേമത്തിന്‍ സാഫല്യമോ ?

Wednesday 13 July 2011

നിശാ സുന്ദരി ....


അയാള്‍ ചുറ്റും നോക്കി.  ആരുമില്ല.  സമയം 12 മണിയോടടുത്തിരുന്നു.  അകലെ ഒരു സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞു നില്കുന്നത് കാണാം.  അതെ, തന്റെ ഇന്നത്തെ മോഷണം ഈ കടയില്‍ തന്നെ ആകട്ടെ.  മഴ ചാറുന്നുണ്ടായിരുന്നു.  ചെറിയ ടൌണ്‍.  രാത്രി 10 മണി കഴിഞ്ഞാല്‍ ആള്‍ സഞ്ചാരം തീരെയില്ല. 

ആരുമില്ല എന്ന്‍ ഉറപ്പുവരുത്തി മെല്ലെ അയാള്‍ കട ലക്ഷ്യമാക്കി മുന്നോട്ട് നടന്നു.  ഇരുട്ടില്‍ ചെറിയ അനക്കം തോന്നിയതുപോലെ അയാള്‍ക്ക് തോന്നി.  ഒരു സ്ത്രീ രൂപം.  പേടിച്ച് വിറച്ച് നില്‍ക്കുന്ന
സുന്ദരിയായ ഒരു പെണ്‍കുട്ടി !!.. 20 വയസ്സ് തോന്നിക്കും. അയാള്‍ അടുത്ത് ചെന്ന്‍ നോക്കി.
"ആരാ"?..
ഒരു പ്രതികരണവും ഉണ്ടായില്ല.
"കുട്ടി ... ഏതാ"...?
കാഴ്ചയില്‍ ഒരു നല്ല പെണ്‍കുട്ടിയാണെന്ന് അയാള്‍ക്ക് തോന്നി. 
"ഞാന്‍ കുറച്ചു അകലെ നിന്നും വരുന്നതാ.... എറണാകുളത്തിന് പോകാനിരുന്നതാ.  ഇവിടെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നു.  എന്റെ ട്രെയിന്‍ മിസ്സായി... ഇനി പുലര്‍ച്ചയെ വണ്ടിയുള്ളൂ.  റെയില്‍വേ സ്റ്റേഷനില്‍ വെച്ചു രണ്ടു പേര്‍ എന്നെ പിന്തുടര്‍ന്നു!!....   ഞാന്‍ ഓടി രക്ഷപ്പെട്ടതാ... "
നമ്മുടെ നാടല്ലെ ... രാത്രി ഒരു പെണ്ണിന് തനിച്ചു രക്ഷയില്ലല്ലൊ.... കലികാലം!!..
മനസ്സുകൊണ്ട് അയാള്‍ സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്ക് എതിരായിരുന്നു.
"കുട്ടിക്ക് ഇവിടെ പരിചയക്കാരാരെങ്കിലും ഉണ്ടോ "?..... അയാള്‍ക്ക്‌ ദയതോന്നി.
"ഇല്ല"..
"ശരി, എന്റെ വീട്ടില്‍ നിന്നോ,.... പേടിക്കേണ്ട.  ഞാനും ഭാര്യയും പിന്നെ തന്റെ പ്രായമുള്ളൊരു മകളും ഉണ്ടവിടെ......."
 ഇന്നത്തെ മോഷണശ്രമം അയാള്‍ വേണ്ടെന്നു വച്ചു.  വീട്ടിലേക്കു നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ.
ഉമ്മറത്ത് റാന്തല്‍ വിളക്ക് എരിയുന്നുണ്ടായിരുന്നു.  അയാള്‍ വാതിലില്‍ മുട്ടിവിളിച്ചു.
ഉറക്കച്ചടവോടെ വാതില്‍ തുറന്ന ഭാര്യ ചോദിച്ചു "ഇതേതാ ഈ കുട്ടി........"?
അയാള്‍ നടന്നതെല്ലാം പറഞ്ഞു.
"നീ നമ്മുടെ മകളെ ഓര്‍ത്തുനോക്കിയെ... അവള്‍ക്കാണ് ഈ ഗതി വന്നതെങ്കിലോ"?
ഭാര്യക്കും അവള്‍ നല്ല ഒരു പെണ്‍കുട്ടിയാണെന്ന് തോന്നി. 
"കുട്ടി എന്തെങ്കിലും കഴിച്ചോ"?
"ഇല്ല"
ഭാര്യ അവള്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തു.  അവള്‍ ആര്‍ത്തിയോടെ അത് മുഴുവനും കഴിച്ചു....
അവര്‍ നാലുപേരും കിടന്നു..

..........................................................................

പുലര്‍ച്ചെ ഭാര്യയുടെയും മകളുടെയും നിലവിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്.  അയാള്‍ ചാടി എഴുന്നേറ്റു.
"എന്താ .......... എന്ത് പറ്റി"?
"അച്ചാ .... അവളെ കാണുന്നില്ല.......  എന്റെ ആഭരണങ്ങള്‍ .........."
അയാള്‍ തളര്‍ന്നു പോയി!....... എന്ത് ചെയ്യണമെന്നറിയാതെ നിന്നു.  
തന്റെ മകള്‍ക്ക് കരുതിവെച്ചിരുന്നതെല്ലാം കൊണ്ടുപോയല്ലോ ആ വഞ്ചകി!!....... എല്ലാം താന്‍ അനധികൃതമായി നേടിയതല്ലേ.... അതിനു തനിക്ക് ദൈവം തന്ന ശിക്ഷയായിരിക്കും ഇത് !!....
പുറത്തപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു..............